ലൈംഗിക ബന്ധത്തിന് സമ്മതിചില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

  • 01/06/2023

ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മെയ് 20നാണ് സംഭവം നടന്നതെങ്കിലും 10 ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


20കാരിയും പിഞ്ചുകുഞ്ഞിന്റെ അമ്മയുമായ ജാൻസിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജാതവത് തരുണ്‍(24) ആണ് അറസ്റ്റിലായത്. ലൈംഗികബന്ധം നിരസിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെ‌ടുത്തുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

2021ലാണ് ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവറായ തരുണ്‍ വിവാഹ ശേഷം ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് കു‌ടിയേറി. കാജാഭാഗ് ഏരിയയിലായിരുന്നു താമസം. ഏപ്രില്‍ 16ന് ജാൻസ് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവം ദിവസം വളരെ ക്ഷീണിതയാണെന്നും ലൈംഗിക ബന്ധത്തിന് തയ്യാറല്ലെന്നും ജാൻസി പറഞ്ഞു. എന്നാല്‍ തരുണ്‍ നിര്‍ബന്ധിച്ചു. ജാൻസി കടുത്ത എതിര്‍പ്പുയര്‍ത്തിയതോടെ തരുണ്‍ വായും മൂക്കും കൈകൊണ്ട് പൊത്തിപ്പിടിച്ചു.

ശ്വാസം കിട്ടാതെ പിടഞ്ഞ ജാൻസിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയും ബോധരഹിതയാ‌കുകയും ചെയ്തു. ഭയന്ന തരുണ്‍ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഒവൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ജാൻസിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

Related News