ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം; പ്രവാസലോകത്തു പ്രധിഷേധം ശക്തമാവുന്നു.

  • 12/06/2020

കുവൈറ്റ് സിറ്റി : ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം, നെഗറ്റീവായവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സംസ്ഥാന സര്‍ക്കാര്‍, ഇത് വഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ് എന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കുവൈത്തിലെ വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. പുതിയ തീരുമാനം പ്രവാസികളോടുള്ള കൊടും ക്രൂരതയാണ് . മാസങ്ങളോളം ജോലിയില്ലാതെയും വാടക നൽകാൻ സാധിക്കാതെയും വെറും കയ്യോടെ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള അധികച്ചെലവ് അടിച്ചേൽപ്പിക്കുക വഴി പ്രവാസികളെ മഹാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 48 മണിക്കൂർ മുൻപ് പരിശോധന നടത്തി , നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതി കൊടുക്കുകയുള്ളൂ . പരിശോധന ഫലത്തിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം . ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി . നേരത്തെ അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനങ്ങൾക്കും ഈ നിയമം ബാധകമാണ്. വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന ബാധകമല്ലെന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിക്കുന്ന പ്രവാസി സംഘടകള്‍ ഇത് പ്രവാസികളുടെ മടക്കം തടയാനുളള ഗൂഢാലോചനയാണെന്നും ആരോപിക്കുന്നു.

മഹാമാരിയിൽ ജീവനും കൊണ്ട് അധിക നിരക്ക് നല്‍കിയാണെങ്കിലും ചാർട്ടേഡ് ഫ്ലൈറ്റിൽ നാടണയാൻ ശ്രമിക്കുന്ന പ്രവാസികളോട് വിദേശത്ത് നിന്നും ടെസ്റ്റ് ചെയ്ത് വന്നാൽ മതി എന്ന തീരുമാനം ധിക്കാരപരമാണ്. മാനസികമായി പ്രവാസികൾ ഏറെ തളർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ സമ്മർദ്ദങ്ങളിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നതാണ് ഈ തീരുമാനം. സംസ്ഥാന സർക്കാർ ഈ തീരുമാനം പിൻവലിക്കുകയും ടെസ്റ്റിനും മതിയായ ക്വാറന്റീനും സംവിധാനങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കും വരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും കുവൈത്തിലെ വിവിധ സംഘടനകൾ അറിയിച്ചു.

Related News