മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

  • 02/06/2023

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.


ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ജാമ്യം തേടിയിരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം, ഒന്നിടവിട്ട ദിവസങ്ങളില്‍ ഭാര്യയുമായി വിഡിയോ കോള്‍ ചെയ്യാന്‍ മനീഷ് സിസോദിയയെ അനുവദിക്കണമെന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ടിനു ഹൈക്കോടതി ഈ മാസം ആദ്യം നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാര്‍ച്ച്‌ ഒന്‍പതിന് അതേ കേസില്‍ മനീഷ് സിസോദിയയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.

Related News