മാർക് ലിസ്റ്റ് വിവാദം; ആർഷോ നൽകിയ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

  • 10/06/2023

കൊച്ചി: മാർക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയിൽ രേഖകൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. കോളജ് പ്രിൻസിപ്പൽ അടക്കമുളളവരെ എതിർകക്ഷിയാക്കിയാണ് കേസ്. എന്നാൽ ആർഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയിൽ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു. 

അതേസമയം, മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്‌ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. മാർക് ലിസ്റ്റ് പ്രശ്‌നത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിരപരാധിയാണെന്ന് നേതൃയോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാൽ കെ വിദ്യക്കെതിരെ ഉയർന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നും പാർട്ടി വിലയിരുത്തുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വിലയിരുത്തിയിട്ടുണ്ട്. വിദ്യക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന നിലപാടിലാണ് സിപിഎം.

അതിനിടെ, ആർഷോ അധ്യാപകനെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിക്ക് അധ്യാപകൻ വഴിവിട്ട് അധിക മാർക്ക് നൽകിയെന്നായിരുന്നു ആർഷോയുടെ പരാതി. എന്നാൽ തനിക്കെതിരായ മാർക് ലിസ്റ്റ് വിവാദം ഗൂഢാലോചനയെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ആർഷോ.

Related News