സുധാകരനും സതീശനുമെതിരായ കേസുകളിൽ പ്രതിഷേധത്തിന് കോൺഗ്രസ്; പൊലീസ് ആസ്ഥാനങ്ങളിലേക്ക് ഇന്ന് മാർച്ച്

  • 03/07/2023

തിരുവനന്തപുരം: കെ പി സി സി പ്രസിഡൻറ് കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകളിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇരുവർക്കുമെതിരായ കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്. പ്രതിഷേധത്തിൻറെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.

എൽ ഡി എഫ് സർക്കാരിന്റെയും സി പി എം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്. ഹീനമായ രാഷ്ട്രീയവേട്ടയ്ക്കെതിരെ ജൂലൈ നാലിന് രാവിലെ 10 ന് ഡി സി സികളുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വ്യക്തമാക്കി.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ നിർവഹിക്കും. കൊല്ലത്ത് പി സി വിഷ്ണുനാഥ് എം എൽ എയും പത്തനംതിട്ടയിൽ കൊടിക്കുന്നിൽ സുരേഷ് എം പിയും ആലപ്പുഴയിൽ ബെന്നി ബഹനാൻ എം പിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും ഇടുക്കിയിൽ കെ സി ജോസഫും എറണാകുളത്ത് യു ഡി എഫ് കൺവീനർ എം എം ഹസ്സനും തൃശ്ശൂരിൽ രമേശ് ചെന്നിത്തല എം എൽ എയും പാലക്കാട് വി കെ ശ്രീകണ്ഠൻ എം പിയും മലപ്പുറത്ത് എ പി അനിൽകുമാർ എം എൽ എയും കോഴിക്കോട് കെ മുരളീധരൻ എം പിയും വയനാട് ടി സിദ്ധിഖ് എം എൽ എയും കണ്ണൂരിൽ എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാളും കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എം പിയും എസ് പി ഓഫീസ് മാർച്ചുകൾ ഉദ്ഘാടനം ചെയ്യമെന്നും കോൺഗ്രസ് അറിയിച്ചു.

Related News