എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡ് അപകടമരണ നിരക്കില്‍ ഗണ്യമായ കുറവ്: ആന്റണി രാജു

  • 04/07/2023

തിരുവനന്തപുരം: എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണ്‍ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവര്‍ത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ മൂന്നു വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാൻസ്പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകള്‍ തപാലില്‍ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച്‌ നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെല്‍ട്രോണിനോട് നിര്‍ദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

Related News