സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും

  • 04/07/2023

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം ഇതിനകം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ നിയമ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ആലോചിക്കുന്നത്..


ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്. 12 ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്ബ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ ഇന്ന് അവധി പ്രഖ്യാപിച്ചു.

കാസര്‍കോട് കോളേജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്ന സ്കൂളുകള്‍ക്കും അവധിയാണ്. കെടിയു, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇൻറര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല.

Related News