ഏക സിവില്‍കോഡിലെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന്

  • 04/07/2023

തിരുവനന്തപുരം: ഏക സിവില്‍കോഡിലെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുസ്‌ലിം സംഘടനകളെ ഒപ്പം ചേര്‍ക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസും സമരരംഗത്തേക്ക് ഇറങ്ങുന്നത്. പാര്‍ട്ടി പുനഃസംഘടനയും യോഗത്തില്‍ വിലയിരുത്തും.


ഏക സിവില്‍ കോഡിനെതിരെ സി.പി.എം ഒരു മുഴം മുന്നേ എറിഞ്ഞതിന്റെ അപകടം തിരിച്ചറിഞ്ഞാണ് സമര പരിപാടികളിലേക്ക് കടക്കാൻ കോണ്‍ഗ്രസിലും ആലോചന തുടങ്ങിയത്. മുസ്‌ലിം സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള സി.പി.എം ശ്രമത്തിന് തടയിടുക കൂടി കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നേരിട്ട് മുസ്‌ലിം സംഘടനകളുമായി ആശയവിനിമയം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടെന്ന സി.പി.എം പ്രചാരണത്തെ ചെറുക്കുന്ന നിലയില്‍ കൂടിയുള്ള സമര പരിപാടികള്‍ കെ.പി.സി.സി എക്‌സ്‌ക്യുട്ടീവ് ആവിഷ്‌കരിക്കും.

കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കേസുകളെ രാഷ്ട്രീയമായി നേരിടുന്നതും യോഗം ചര്‍ച്ച ചെയ്യും. മണ്ഡല പുനഃസംഘടനയിലെ പുരോഗതി, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്നിവയും ഇന്നത്തെ നേതൃയോഗത്തില്‍ വിലയിരുത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അൻവറും യോഗത്തില്‍ പങ്കെടുക്കും.

Related News