ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിന് കോൺഗ്രസ്

  • 05/07/2023

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. അതേസമയം, ഹൈബി ഈഡൻറെ സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വിഷയത്തിൽ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വർക്കിംഗ് പ്രസിഡൻറായ കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. 

തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമർശമാണ് പാർട്ടിയിൽ തന്നെ ഉയർന്നത്. പാർട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമർശനം. സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്‌നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാർട്ടിയിൽ ഒന്നടങ്കം ഉയർന്ന വിമർശനം. 

വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തൺ സമരങ്ങൾ വരെ തലസ്ഥാനത്തുണ്ടായിരുന്നു. ഇത്തരം ചർച്ചകൾക്കിടെയാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന്  ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള ഹൈബിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർപ്പറിയിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Related News