മുസ്ലീം ലീഗ് സിപിഐഎം ക്ഷണം സ്വീകരിച്ചാൽ അത് മുന്നണി മാറ്റത്തിന്റെ സൂചനയായി കാണേണ്ടതില്ല: കെ ടി ജലീൽ

  • 09/07/2023

കുറച്ച് കാലമായി മുസ്ലിം ലീഗിന് നിലപാടുകളിൽ സ്ഥിരത ഇല്ലെന്നും അതിന് കാരണം കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മർദം ആണെന്നും കെ.ടി ജലീൽ എംഎൽഎ. ഏക സിവിൽ കോഡ് സെമിനാറിലേക്ക് സിപിഎഎമ്മിന്റെ ക്ഷണം ലീഗ് സ്വീകരിച്ചാലും അത് മുന്നണിമാറ്റത്തിന്റെ സൂചനയായി കാണേണ്ടതില്ലെന്ന് കെ ടി ജലീൽ പറയുന്നു. വിഷയത്തിൽ സമസ്തയുടെ നിലപാട് എല്ലാ മുസ്ലിം സംഘടനകളും മാതൃകയാക്കണമെന്നും കെ ടി ജലീൽ പറഞ്ഞു. 

മുസ്ലീം ലീഗിൽ രണ്ട് വീക്ഷണം വെച്ചുപുലർത്തുന്നവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് കെ ടി ജലീൽ പറയുന്നത്. ലീഗ് നേതൃത്വത്തിന് സമീപകാലത്ത് ഉറച്ച നിലപാട് സ്വീകരിക്കുന്നതിൽ വെള്ളം ചേർക്കേണ്ടി വന്നിരിക്കുന്നു. കോൺഗ്രസിനെ സദാ പിന്തുണയ്ക്കുന്ന ഒരു 'കോൺ ലീഗ്' മുസ്ലിം ലീഗിനുള്ളി സമ്മർദ്ധ ശക്തിയായി നിൽക്കുന്നു. കോൺഗ്രസ്സ് ലീഗിനുള്ളിൽ അത്തരം ഒരു ഗ്രൂപ്പ് വളർത്തിയെടുത്തിരിക്കുന്നു. അവരെ ഭയന്നാണ് നിലപാട് സ്വീകരിക്കാത്തത്. ഓല പാമ്പ് കാണിച്ച് കോൺഗ്രസ് ലീഗിനെ വിരട്ടുകയാണെന്നും കെ ടി ജലീൽ പറയുന്നു.

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കണമെന്നും കെ ടി ജലീൽ പറയുന്നു. സമസ്ത സ്വീകരിക്കുന്ന നിലപാടാണ് മുസ്ലീം സംഘടനകളും സ്വീകരിക്കേണ്ടതാണ്. സമസ്തയ്ക്ക് രാഷ്ട്രീയ താത്പര്യമില്ല എന്നതുകൊണ്ടാണ് അവർ സെമിനാറിൽ പങ്കെടുക്കുന്നത്. ഏകസിവിൽ കോഡിനെ ഇടത് പക്ഷം എതിർക്കുന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

Related News