സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

  • 10/07/2023

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ ?ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ആരോ?ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തിൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. തുടർച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. പ്രവർത്തനങ്ങൾ ഇടയ്ക്കിടയ്ക്ക് താലൂക്ക് തലത്തിൽ വിലയിരുത്താൻ നേരത്തെ മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അത് തുടരേണ്ടതാണ്. എല്ലാ വാർഡുകളിലെയും ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. ജെ.എച്ച്.ഐ.മാരും, ജെ.പി.എച്ച്.എൻ.മാരും., എം.എൽ.എസ്.പി.മാരും ആശാവർക്കർമാരും ഫീൽഡുതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും സൂപ്പർവൈസർമാർ മോണിറ്ററിങ് കൃത്യമായി ചെയ്യുകയും വേണം. ആശ വർക്കർമാർക്ക് കരുതൽ ഡ്രഗ് കിറ്റ് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ കുടിവെള്ളം, ശുചിത്വം, ഡോക്സിസൈക്ലിൻ പ്രതിരോധം, കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം.

Related News