മനുഷ്യക്കടത്തിനു അറസ്റ്റിലായ ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് അബ്ദുൽ വഹാബ് അൽ ബാബ്തൈന്‍

  • 14/06/2020

കുവൈറ്റ് സിറ്റി : വിസ ട്രേഡിംഗ് ബിസിനസ്സിലും പണ വ്യാപാരത്തിലും അറസ്റ്റിലായ ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ അസംബ്ലി അംഗം അബ്ദുൽ വഹാബ് അൽ ബാബ്തൈന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ വ്രണപ്പെടുത്തിയവര്‍ എത്ര ഉന്നത വ്യക്തികളായും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത സര്‍ക്കാരിനുണ്ടന്നും നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണു ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗമായ മുഹമ്മദ്‌ ഷാഹിദുൽ ഇസ്ലാമിനെ മിഷ്രിഫിലെ താമസ സ്ഥലത്ത്‌ നിന്ന് കുവൈത്ത്‌ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തത്‌. പണം വാങ്ങി ബംഗ്ലാദേശില്‍ നിന്നും വലിയ തോതില്‍ തൊഴിലാളികളെ കൊണ്ട് വന്ന ഇദ്ദേഹത്തിന്റെ കമ്പിനിയില്‍ മാസ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് അഴിമതി കഥകള്‍ പുറത്താകുന്നത്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പിടിയില്‍ ആയതിനെ തുടര്‍ന്നു ബംഗ്ലാദേശിലേക്ക്‌ കടന്നു കളഞ്ഞ മുഹമ്മദ്‌ ഷാഹിദുൽ ഇസ്ലാം മാർച്ച്‌ 3 ന് തിരിച്ചെത്തുകയായിരുന്നു. 20 വർഷങ്ങൾക്ക്‌ മുമ്പ്‌ സാധാരണ ശുചീകരണ തൊഴിലാളിയായി സ്ഥാപനത്തിൽ ജോലി ആരംഭിച്ച ഇയാൾ ചുരുങ്ങിയ കാലം കൊണ്ടാണു സ്ഥാപനത്തിന്റെ തലപ്പത്ത്‌ എത്തുകയും പിന്നീട്‌ ബിസ്നസ്‌ പങ്കാളിയായി മാറുകയും ചെയ്തത്‌. ബംഗ്ലാദേശിലെ പ്രമുഖ ബേങ്കുകളുടെ ഡയരക്റ്റർ സ്ഥാനവും വഹിക്കുന്നതയാണ് വാര്‍ത്തകള്‍ . ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം പങ്ക് വെച്ച ആഭ്യന്തര മന്ത്രി അനസ്‌ അൽ സാലെഹ്‌ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യ കടത്ത്‌ കേസിലെ പ്രതി അറസ്റ്റിലായി എന്നായിരുന്നു ട്വീറ്റ് ചെയതത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറസ്റ്റിലാകുമെന്നാണ് സൂചന.

Related News