പൊതുമാപ്പ് ആനുകൂല്യം ലഭിച്ച 5,799 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

  • 15/06/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ് ആനുകൂല്യം ലഭിച്ച് ഷെൽട്ടറുകളിൽ കഴിഞ്ഞിരുന്ന 7,181 ഇന്ത്യക്കാരിൽ 5,799 പേരെ നാട്ടിൽ എത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള 1204 പേർ അടുത്ത ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് തിരിക്കും .ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കുമായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്തെ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്ന് തിരിച്ചു പോകാനും പുതിയ വിസയില്‍ തിരിച്ചു വരാനും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. കൊറോണ പ്രതിസന്ധി സാഹചര്യങ്ങളെ തുടര്‍ന്ന് താമസ നിയമലംഘകരായ ഇന്ത്യക്കാര്‍ മാസങ്ങളായി നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു. കുവൈത്ത് സർക്കാരിന്റെ പൂര്‍ണ്ണ ചെലവിലാണ് പൊതുമാപ്പ് നേടിയവരെ ഇന്ത്യയിലേക്ക് കൊണ്ടുപോയത്. വിവിധ രാജ്യക്കാരായ 21,163 താമസ വിസ നിയമ ലംഘകരായ വിദേശികളെ ഇതുവരെ നാട്ടിലേക്കയച്ചു, പൊതു മാപ്പു ലഭിച്ച 6,161 ഈജിപ്ഷ്യൻ സ്വദേശികളെ മുഴുവൻ പേരെയും, 4,376 ബംഗ്ലാദേശ് പൗരന്മാരിൽ 4,121 പേരെയും നാട്ടിലെത്തിച്ചു. 255 ബംഗ്ലാദേശ് പൗരന്മാരും 1204 ഇന്ത്യക്കാരേയുമാണ് അടുത്തഘട്ടത്തിൽ നാട്ടിലേക്കു പോകാനായി ബാക്കിയുള്ളത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ - വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് നിയമലംഘകരെ നാട്ടിലെത്തിക്കുന്ന പദ്ധതി പൂർത്തീകരിക്കുന്നത്.

പൊതുമാപ്പ് ലഭിച്ച കുവൈത്തിലെ വിസാ ലംഘകരിൽ 47 രാജ്യങ്ങളിൽ നിന്നുള്ളവരിൽനിന്ന് 27 രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് , ശേഷിക്കുന്ന രാജ്യങ്ങളുടെ വിദേശകാര്യമന്ത്രായലയവുമായി ഏകോപിച്ചു തിരിച്ചയക്കാൻ വേണ്ട നടപടികൾ തയ്യാറാക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . രാജ്യത്ത് പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് 26,472 പേരാണ് പ്രയോജനപ്പെടുത്തിയത്, ഇതിൽ 80 ശതമാനം പ്രവാസികളെയും കുവൈറ്റ് ഗവർമെന്റ് നാട്ടിലെത്തിച്ചു. അനധികൃത താമസ ലംഘകര്‍ക്ക് പിഴയോ തടവ് ശിക്ഷയോ ഇല്ലാതെ സൗജന്യമായി മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള ആനുകൂല്യം ഭൂരിഭാഗം പേരും പ്രയോജനപ്പെടുത്തിയില്ലെന്നാണ് സര്‍ക്കാരിന്‍റെ പൊതുവായ വിലയിരുത്തല്‍. അനൗദ്യോഗിക കണക്ക് അനുസരിച്ച് രാജ്യത്ത് ഒന്നര ലക്ഷത്തിലേറെ നിയമ ലംഘകരുണ്ടെന്നാണ് കണക്കെങ്കിലും ​ പൊതുമാപ്പ് സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വ​ലി​യൊ​രു വി​ഭാ​ഗം അനധികൃത താമസക്കാര്‍ തി​രി​ച്ചു​പോ​വാ​ൻ ത​യാ​റാ​യിട്ടില്ല.

Related News