കുവൈറ്റ് സിറ്റി: തിരക്കേറിയ ജോലിത്തിരക്കുകളിൽ നിന്ന് മോചനം തേടി കുവൈറ്റിലെ ജനങ്ങൾ കടൽത്തീരങ്ങളിലേക്ക് ഒഴുകുന്നു. വാരാന്ത്യങ്ങളിൽ കുവൈറ്റിന്റെ തീരപ്രദേശങ്ങൾ സജീവമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ സ്ഥിരമായിരിക്കുന്നത്. യുവാക്കളും കുടുംബങ്ങളും ഒരുപോലെ എത്തുന്നതോടെ സമുദ്രതീരം ഉന്മേഷത്തിന്റെയും വിശ്രമത്തിന്റെയും വേദിയായി മാറുന്നു. അറേബ്യൻ ഗൾഫ് സ്ട്രീറ്റ് മുതൽ അൽ-ബലാജത് സ്ട്രീറ്റ് വരെയുള്ള നീണ്ട തീരമേഖലയിൽ ജനത്തിരക്ക് വർദ്ധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കടലിന്റെ ചക്രവാളവും നോക്കി ശാന്തമായി ഇരിക്കാനും നീന്തിത്തുടിക്കാനും എത്തുന്നവർക്ക് പുറമെ, വ്യായാമത്തിനും സൈക്ലിംഗിനുമായി എത്തുന്ന കായികപ്രേമികളാലും തീരം സജീവമാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന തിരക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ശനിയാഴ്ച രാവിലെ വരെ ഈ തിരക്ക് തുടരാറുണ്ട്. ആഴ്ചയിലുടനീളമുള്ള ജോലിത്തിരക്കിന്റെ വിരസത മാറ്റാൻ കടൽത്തീരങ്ങൾ മികച്ച ഇടമായി മാറിയെന്നാണ് സന്ദർശകർ പറയുന്നത്.
മാനസികമായ ഉന്മേഷവും ശാരീരികമായ ഉന്മേഷവും ഒരുപോലെ പ്രധാനം ചെയ്യുന്ന ഈ പ്രദേശം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. മുതിർന്നവർ കടൽക്കാറ്റേറ്റ് കുടുംബാംഗങ്ങൾക്കൊപ്പം സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ, കുട്ടികൾ തീരത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിനോദങ്ങളിൽ മുഴുകുന്നു. വസന്തകാലത്തിന് സമാനമായ സുഖകരമായ കാലാവസ്ഥയും മികച്ച അടിസ്ഥാന സൗകര്യങ്ങളും കുവൈറ്റ് തീരദേശത്തെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
