കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ താമസക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയുയർത്തുന്ന 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി തുടങ്ങി. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനാൽ അൽ അസ്‌ഫൂർ അംഗീകരിച്ച ഉത്തരവ് (നമ്പർ 616/2026) പ്രകാരമാണ് വ്യാഴാഴ്ച മുതൽ പൊളിക്കൽ പ്രവൃത്തികൾ ആരംഭിച്ചത്. ആദ്യഘട്ട നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി ഫർവാനിയ ഗവർണറേറ്റ് എഞ്ചിനീയറിംഗ് ഓഡിറ്റ് വിഭാഗം ഡയറക്ടർ സഈദ് അൽ അസ്മി അറിയിച്ചു.താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് അധികൃതർ നടപടിയിലേക്ക് കടന്നത്. കെട്ടിടങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. പൊളിക്കൽ നടക്കുന്ന സ്ഥലത്തിന് ചുറ്റും വേലികൾ കെട്ടി തിരിക്കുകയും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. പഴുതടച്ച സുരക്ഷാ-നിയമ നടപടികൾ പാലിച്ചാണ് ഓരോ കെട്ടിടവും നിലംപരിശാക്കുന്നത്.
ജലീബ് അൽ ഷുയൂഖിലെ ബ്ലോക്ക് 1, 2, 3, 4, 10, 13 എന്നീ ആറ് ബ്ലോക്കുകളിലായാണ് ഈ 42 കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതും ഒഴിഞ്ഞുകിടക്കുന്നതും നിർമ്മാണത്തിൽ ബലക്ഷയമുള്ളതുമായ കെട്ടിടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലൂടെ മേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഒഴിപ്പിക്കൽ നോട്ടീസുകൾ നൽകിയാലുടൻ അവയും പൊളിച്ചുനീക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പ്രദേശത്തെ ചേരി നിർമ്മാർജ്ജനത്തിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ നീക്കം വലിയ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
