കുവൈത്ത് സിറ്റി: കടുത്ത ചൂടും പട്ടിണിയും തെരുവുനായ്ക്കളുടെ ആക്രമണവും മൂലം ജീവൻ അപകടത്തിലായ കുവൈത്തിലെ ചുവന്ന കുറുക്കന്മാർക്ക് ആശ്വാസമേകി പരിസ്ഥിതി പ്രവർത്തകർ. ‘കുവൈത്ത് എൻവയോൺമെന്റൽ ലെൻസ്’ ടീം അംഗമായ മുഹമ്മദ് അൽ കന്ദരിയുടെ നേതൃത്വത്തിലാണ് കുറുക്കന്മാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകുന്ന ദൗത്യം പുരോഗമിക്കുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ മനുഷ്യന്റെ ഇടപെടലുകൾ വർദ്ധിച്ചതും കാലാവസ്ഥാ വ്യതിയാനവും ഈ ജീവികളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുക്കന്മാരുടെ കുടുംബങ്ങൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ, കടുത്ത തളർച്ചയിലും പട്ടിണിയിലുമാണെന്ന് പരിസ്ഥിതി സംഘം നിരീക്ഷിച്ചു. ഇവയുടെ താവളങ്ങളിൽ തെരുവുനായ്ക്കൾ നിരന്തരം ആക്രമണം നടത്തുന്നത് മറ്റൊരു വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. കുറുക്കന്മാരെ വേട്ടയാടുന്നതും ഓടിക്കുന്നതും പതിവായതോടെ ഇവയുടെ സ്വൈര്യജീവിതം തടസ്സപ്പെട്ടതായി മുഹമ്മദ് അൽ കന്ദരി പറഞ്ഞു.
ഈ സാഹചര്യത്തിൽ സന്നദ്ധപ്രവർത്തകർ ദിവസേന ഈ മേഖല സന്ദർശിക്കുകയും കുറുക്കന്മാർക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഇവയെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രദേശം നിരന്തരം നിരീക്ഷിച്ചുവരികയുമാണ്. വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ഇടപെടലിന് വലിയ പിന്തുണയാണ് പരിസ്ഥിതി പ്രേമികളിൽ നിന്ന് ലഭിക്കുന്നത്.
