HomeInternationalവ്യാജ പാസ്പോർട്ടിൽ ഇന്ത്യക്കാരനായി യാത്ര; ഗോവയിൽ അഫ്ഗാൻ പൗരൻ പിടിയിൽ

വ്യാജ പാസ്പോർട്ടിൽ ഇന്ത്യക്കാരനായി യാത്ര; ഗോവയിൽ അഫ്ഗാൻ പൗരൻ പിടിയിൽ

spot_img

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യക്കാരനെന്ന വ്യാജേന യാത്ര ചെയ്ത അഫ്ഗാനിസ്ഥാൻ സ്വദേശി ഗോവയിൽ പിടിയിലായി. ദബോലിം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ സ്വദേശിയും നിലവിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ താമസക്കാരനുമായ ദിവ്രാജ് ഹിരോ ആണ് പരിശോധനയ്ക്കിടെ പിടിയിലായത്.വ്യാജ യാത്രാരേഖകളുമായി എത്തിയ ഇയാളെ ഞായറാഴ്ച പുലർച്ചെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിൽ വച്ചാണ് അധികൃതർ പിടികൂടിയത്. രേഖകൾ പരിശോധിക്കുന്നതിനിടെ അവയുടെ ആധികാരികതയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് നിർണായകമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ യഥാർഥ വിവരങ്ങൾ വെളിപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും.

ബഹ്റൈൻ വഴി റഷ്യയിൽ നിന്നാണ് പ്രതി അടുത്തിടെ ഗോവയിലേക്ക് എത്തിയത്. ഡൽഹി സ്വദേശിയാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ‘അനിൽ ശുക്ല’ എന്ന് രേഖപ്പെടുത്തിയ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെ ഈ പാസ്പോർട്ട് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ തുടരന്വേഷണത്തിൽ പ്രതി ഇതിന് മുൻപും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.’സുരേഷ് അഹൂജ’ എന്ന പേരിൽ പ്രതി നേരത്തെ മറ്റൊരു ഇന്ത്യൻ പാസ്പോർട്ട് വ്യാജമായി സ്വന്തമാക്കിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വലിയ രീതിയിലുള്ള ആൾമാറാട്ടം നടത്തിയാണ് പ്രതി നിരന്തരം ഇത്തരം യാത്രകൾ തുടർന്നിരുന്നത്. രാജ്യത്ത് നിന്ന് വ്യാജമായി നിർമിച്ച പാസ്പോർട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.

ഇന്ത്യൻ പാസ്പോർട്ടുകൾക്ക് പുറമെ പ്രതിയുടെ കൈവശം അഫ്ഗാനിസ്ഥാൻ പാസ്പോർട്ടും ഉണ്ടായിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് 2009 മുതൽ ഇയാൾ പലതവണ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. വിദേശത്ത് വച്ച് തൻ്റെ അഫ്ഗാൻ പാസ്പോർട്ട് പുതുക്കിയ പ്രതി 2016 ജനുവരി രണ്ടിനാണ് അവസാനമായി ഇന്ത്യയിൽ തിരിച്ചെത്തിയത്. ഏത് വിസയിലാണ് ഇയാൾ രാജ്യത്ത് എത്തിയിരുന്നതെന്നും അന്നുമുതൽ രാജ്യത്ത് നിയമവിരുദ്ധമായി കഴിയുകയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!