കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് അറവുശാലകൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. മൃഗങ്ങളെ പാർപ്പിക്കാൻ നൽകിയ ആനിമൽ പെന്നുകൾ ലൈസൻസില്ലാത്ത അറവുശാലകളായി മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടപടി സ്വീകരിച്ചത്.
പൊതുജനാരോഗ്യ നിയമങ്ങളും കാർഷിക നിയമങ്ങളും ലംഘിച്ച് ഏഷ്യൻ വംശജരായ തൊഴിലാളികളാണ് ഈ കേന്ദ്രങ്ങൾ നടത്തിവന്നിരുന്നത്. കൃത്യമായ അനുമതിയോ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സിന്റെ മേൽനോട്ടമോ ഇല്ലാതെയാണ് ഇവിടെ അറവ് ജോലികൾ നടന്നിരുന്നത്. അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ നിയമവിരുദ്ധമായ രീതിയിൽ ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിയമപരമായ അനുമതി വാങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, അറവ് ജോലികൾ നടന്നു വരുന്നതിനിടെ തന്നെ തൊഴിലാളികളെ പിടികൂടി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരത്തിലുള്ള കശാപ്പ് കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
