കുവൈറ്റ് സിറ്റി: കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള കരമാർഗ്ഗമുള്ള വ്യാപാര ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരി 28 മുതൽ ഏപ്രിൽ 29 വരെയുള്ള വെറും 57 ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം ടണ്ണിലധികം ചരക്കുകളാണ് ഇരുരാജ്യങ്ങളുടെയും അതിർത്തി കടന്നത്. അൽ-നൊവൈസീബ്, അൽ-സൽമി അതിർത്തി കവാടങ്ങൾ വഴി ഏകദേശം 400 മില്യൺ കുവൈറ്റ് ദിനാർ (1.3 ബില്യൺ ഡോളർ) മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഏകദേശം 50,000 ട്രക്കുകളാണ് ചരക്കുകളുമായി അതിർത്തി കടന്നുപോയത്. ആകെ നടന്ന 26,400 കസ്റ്റംസ് ഡിക്ലറേഷനുകളിൽ ഭൂരിഭാഗവും നൊവൈസീബ് അതിർത്തി വഴിയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ 84 ശതമാനവും കൈകാര്യം ചെയ്യുന്നത് നൊവൈസീബ് കവാടമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 404,000 ടൺ ചരക്കുകളാണ് ഈ വഴി മാത്രം കടന്നുപോയത്. ഇതിന്റെ മൂല്യം ഏകദേശം 334 മില്യൺ ദിനാർ വരും.അതേസമയം, അൽ-സൽമി അതിർത്തി വഴി 61 മില്യൺ ദിനാർ മൂല്യമുള്ള 135,000 ടൺ ചരക്കുകൾ എത്തിച്ചേർന്നു. 17,131 ട്രക്കുകളാണ് ഈ പാത ഉപയോഗിച്ചത്. സൗദിയും കുവൈറ്റും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സൂചനയായാണ് ഈ വ്യാപാര കുതിപ്പിനെ വിദഗ്ധർ കാണുന്നത്. കരമാർഗ്ഗമുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് കസ്റ്റംസ് വിഭാഗം നടപ്പിലാക്കിയ ആധുനിക സംവിധാനങ്ങൾ ഈ നേട്ടത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
