ഹോർമുസ് കടലിടുക്കിന് സമീപം ബുധനാഴ്ച (സെപ്റ്റംബർ 9) പുലർച്ചെ, ഇറാനുമായി ബന്ധമുള്ള അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ യുഎസ് സൈന്യം തകർത്തു.ആഗോള ചരക്കുനീക്കത്തിൽ ഏറെ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ആക്രമണം.ഒമാൻ ഉൾക്കടലിലുള്ള M/T കവിസ് (M/T Kaviz), M/T ചാർമിനാർ (M/T Charminar), M/T ഹൊറൈസൺ 1 (M/T Horizon 1), M/T റിയെസ്കോ (M/T Riesco) എന്നിവയും ഖാർഗ് ദ്വീപിന് സമീപമുള്ള M/T ഡെര്യ (M/T Derya) എന്നിവയാണ് ആക്രമിച്ചതെന്ന് യു.എസ് സെൻട്രൽ കമാന്റ് അറിയിച്ചു.
ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ് ഖാർഗ് ദ്വീപ്. അതേസമയം, ഹോർമുസ് കടലിടുക്കിലേക്കും വിശാലമായ ആഗോള കപ്പൽ ഗതാഗത ശൃംഖലയിലേക്കും ഒമാൻ ഉൾക്കടൽ വഴി ലഭിച്ചിരുന്ന പ്രവേശനം കൂടി തടസ്സപ്പെടാൻ പുതിയ ആക്രമണം വഴിവെച്ചേക്കുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.
എന്നാൽ, ഇറാൻ്റെ എണ്ണ വരുമാനത്തെ പിന്തുണയ്ക്കുന്ന കപ്പലുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതിലൂടെ ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കാനും ഈ ആക്രമണം കാരണമായേക്കും.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ഐആർജിസി (IRGC) രണ്ടുതവണ ലക്ഷ്യമിട്ടതിനുള്ള മറുപടിയായാണ് ഇറാനിയൻ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു



