കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ്. ക്യാപിറ്റൽ ഗവർണറേറ്റിലെ ഷുവൈഖ് വ്യാവസായിക മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ വ്യാപക പരിശോധനയിലാണ് നിർണായക നടപടികൾ ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, എൻവിറോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 74 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും മുന്നറിയിപ്പും നൽകിയതോടൊപ്പം നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടുകയും ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി അധികൃതർ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ പരിശോധനയെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള ഇത്തരം സംയുക്ത പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.



