കുവൈത്ത്സിറ്റി: കുവൈത്തിൽ ഔദ്യോഗിക ലൈസൻസില്ലാതെ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അനധികൃത സാമ്പത്തിക ഇടപാടുകൾ ജനങ്ങളുടെ പണത്തിന് ഭീഷണിയാകുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചത്. അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നവർ, സാമ്പത്തിക സഹായമോ വായ്പയോ നൽകുന്നവർ, ലൈസൻസില്ലാത്ത ഓൺലൈൻ പേയ്മെന്റ് ലിങ്കുകൾ വഴി പണമിടപാടുകൾ നടത്തുന്നവർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അധികൃതരെ അറിയിക്കേണ്ടത്.
ഇത്തരം സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് പണം നഷ്ടപ്പെടുന്നതിനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നതിനും കാരണമായേക്കാമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.പണം കൈമാറ്റം ചെയ്യുന്നതിനോ വായ്പ ലഭിക്കുന്നതിനോ ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനോ മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന് സെൻട്രൽ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം.
അനധികൃത സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതികളും വിവരങ്ങളും 22972999 എന്ന ഫോൺ നമ്പറിലോ [unlicensed@cbk.gov.kw](mailto:unlicensed@cbk.gov.kw) എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം.ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.രാജ്യത്ത് സുരക്ഷിതവും വിശ്വാസയോഗ്യവുമായ സാമ്പത്തിക ഇടപാട് സംവിധാനം നിലനിർത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്കിന്റെ പുതിയ മുന്നറിയിപ്പ്.



