HomeGULFകുവൈത്തിലെ സ്കൂളുകളിൽ പണപ്പിരിവിനും സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വിലക്ക്; നിയമലംഘനങ്ങൾക്ക് കടുത്ത നടപടി

കുവൈത്തിലെ സ്കൂളുകളിൽ പണപ്പിരിവിനും സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വിലക്ക്; നിയമലംഘനങ്ങൾക്ക് കടുത്ത നടപടി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ പണപ്പിരിവ് നടത്തുന്നതിനും സമ്മാനങ്ങളും സംഭാവനകളും സ്വീകരിക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം കർശന വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ പ്രവർത്തനങ്ങൾ, അധ്യാപകരുടെയും ജീവനക്കാരുടെയും പെരുമാറ്റം, വിദ്യാർഥികളുടെ സ്വകാര്യത, ഭക്ഷണവിതരണം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച വിപുലമായ മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.

അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന് ഏതെങ്കിലും ആവശ്യത്തിനായി പണം പിരിക്കാനോ പണമായോ സാധനങ്ങളായോ സമ്മാനങ്ങളും സംഭാവനകളും സ്വീകരിക്കാനോ പാടില്ല. സ്കൂൾ സൗകര്യങ്ങളോ ഔദ്യോഗിക പദവിയോ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.സ്കൂളുകളിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും സാധനങ്ങളോ സേവനങ്ങളോ വിൽക്കുന്നതും പരസ്യം ചെയ്യുന്നതും അനുവദിക്കില്ല. എല്ലാ സാമ്പത്തിക ഇടപാടുകളും വാങ്ങലുകളും കരാറുകളും സർക്കാർ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ പാലിച്ചായിരിക്കണം നടത്തേണ്ടത്.സ്കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ സ്കൂളുകളിൽ എത്തിക്കുന്നതിനോ വിൽക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ അനുവാദമില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, സംഭരണരീതി, ശുചിത്വം എന്നിവ സ്കൂൾ അധികൃതർ ദിവസേന പരിശോധിക്കണം.

കാന്റീനുകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും വേണം. വീഴ്ചകൾ പരിഹരിക്കാൻ കരാറുകാർക്ക് കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസത്തെ സമയം അനുവദിച്ച് മുന്നറിയിപ്പ് നൽകണം. നിർദേശങ്ങൾ പാലിക്കാത്തപക്ഷം കരാർ റദ്ദാക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ പങ്കെടുപ്പിച്ച് സ്കൂളുകളിൽ പരിപാടികൾ, ആഘോഷങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. സ്കൂൾ പരിസരത്ത് ചിത്രീകരണം നടത്തുന്നതിനും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണ്.വിദ്യാർഥികളുടെ ഫോട്ടോകളോ വീഡിയോകളോ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും നിശ്ചിത ചട്ടങ്ങൾ പ്രകാരമുള്ള മുൻകൂർ രേഖാമൂലമുള്ള സമ്മതം നിർബന്ധമാക്കി. വിദ്യാർഥികളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയോ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.

സ്കൂളുകളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പേരിലോ ലോഗോയിലോ അനുമതിയില്ലാതെ വാർത്തകൾ, പ്രസ്താവനകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കരുത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുടെ രഹസ്യവിവരങ്ങൾ പുറത്തുവിടുന്നതും നിരോധിച്ചിട്ടുണ്ട്.അധ്യാപകർ ക്ലാസ് സമയത്ത് പഠനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് മൊബൈൽ ഫോണുകളോ മറ്റ് സ്മാർട്ട് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അധ്യാപകരും ജീവനക്കാരും തൊഴിൽപരമായ അച്ചടക്കവും പരസ്പര ബഹുമാനവും പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.അനുമതിയില്ലാതെ സ്കൂൾ പരിപാടികൾ സംഘടിപ്പിക്കുന്നത് ഭരണപരമായ നിയമലംഘനമായി കണക്കാക്കി ബന്ധപ്പെട്ടവരെ ഉടൻ നിയമകാര്യ വിഭാഗത്തിന്റെ അന്വേഷണത്തിന് വിധേയരാക്കും.

മറ്റ് നിയമലംഘനങ്ങൾക്കെതിരെയും ആവശ്യമായ നിയമനടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കും.സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക, വിദ്യാർഥികളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!