കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (T2) ൽ ട്രാൻസിറ്റ് യാത്രക്കാർക്കായി രണ്ട് ഹോട്ടലുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി. പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച നിർദേശത്തിനാണ് അംഗീകാരം ലഭിച്ചത്.
മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അൽ മഹ്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന കൗൺസിലിന്റെ 28-ാമത് സാധാരണ യോഗത്തിലാണ് തീരുമാനം.പുതിയ ടെർമിനലിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി നേരത്തെ ഒരു ഹോട്ടലിന് അനുവദിച്ചിരുന്ന 7,500 ചതുരശ്ര മീറ്റർ സ്ഥലം രണ്ട് ഹോട്ടലുകളായി വിഭജിക്കാനാണ് അനുമതി. ടെർമിനലിന്റെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറൻ ഭാഗത്തുമായി ഓരോ ഹോട്ടൽ വീതം സ്ഥാപിക്കും.
നിലവിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ വിസ്തീർണം വർധിപ്പിക്കാതെയും പുതിയ വാണിജ്യ, നിർമാണ മേഖലകൾ കൂട്ടിച്ചേർക്കാതെയുമാണ് പദ്ധതി നടപ്പാക്കുക. നേരത്തെ അംഗീകരിച്ച മറ്റ് നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.അതേസമയം, മിസീല ബീച്ചിലെ ബീച്ച് 2 വികസന പദ്ധതിയിലും മുനിസിപ്പൽ കൗൺസിൽ സുപ്രധാന മാറ്റങ്ങൾക്ക് അംഗീകാരം നൽകി. ഏകദേശം 70,334.5 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ വാണിജ്യ, വിനോദ, കായിക, സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് അനുമതി.
പദ്ധതിയുടെ അഞ്ച് ശതമാനം സ്ഥലമായ ഏകദേശം 3,516.7 ചതുരശ്ര മീറ്റർ വാണിജ്യ ആവശ്യങ്ങൾക്കും 15 ശതമാനമായ ഏകദേശം 10,550.1 ചതുരശ്ര മീറ്റർ വിനോദ, പരിശീലന, വിദ്യാഭ്യാസ, ഇൻഡോർ കായിക പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കും.സിനിമാ തിയേറ്റർ, ഐസ് സ്കേറ്റിങ് റിങ്ക്, കുട്ടികൾക്കുള്ള ഇൻഡോർ, ഔട്ട്ഡോർ കളിസ്ഥലങ്ങൾ, മ്യൂസിയങ്ങൾ, പ്രദർശന കേന്ദ്രങ്ങൾ, ജലവിനോദ സൗകര്യങ്ങൾ, ഹെൽത്ത് ക്ലബ്, കായിക കേന്ദ്രങ്ങൾ, ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കുമുള്ള സ്ഥലങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതികളുടെ വിശദമായ രൂപരേഖ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിന് സമർപ്പിക്കണമെന്നും ആവശ്യമായ അനുമതികൾ ലഭിച്ചശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്നും കൗൺസിൽ നിർദേശിച്ചു.ഇതിനുപുറമെ, ഷുവൈഖിലെ കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ എണ്ണ സമുച്ചയത്തിനായി 64,591.94 ചതുരശ്ര മീറ്റർ സ്ഥലം അംഗീകരിച്ചു. സിദ്ദീഖ് മേഖലയിലെ 23 പാർപ്പിട പ്ലോട്ടുകൾ ഏകീകരിക്കുന്നതിനും ഫൈഹയിൽ 1,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ദിവാനിയ നിർമിക്കുന്നതിനും അനുമതി നൽകി.
റിഖ, ജാബർ അൽ അലി പ്രദേശങ്ങളിൽ സബ്സിഡി സാധനങ്ങളുടെ വിതരണത്തിനായി രണ്ട് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി. ഓരോ കേന്ദ്രത്തിനും 1,000 ചതുരശ്ര മീറ്റർ സ്ഥലവും വാഹന പാർക്കിങ്ങിനായി അധിക സ്ഥലവും അനുവദിക്കും.വിമാനത്താവളത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ വിനോദസഞ്ചാര, പൊതുസേവന അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ തീരുമാനങ്ങൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.



