തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രം പുതുപ്പള്ളിയിലും ആസൂത്രണം ചെയ്ത് യു ഡി എഫ്

  • 16/08/2023

കോട്ടയം: തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും.

പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനാണ് വി ഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.

തൊട്ടുതാഴെയാണ് കെപിസിസിയുടെ ഭാരവാഹികള്‍ക്ക് ചുമതല. എട്ട് പഞ്ചായത്തുകളുടെ ചുമതല എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ്. എട്ട് എംഎല്‍എമാരും എംപിമാരും അധിക ചുമതലക്കാരായും നല്‍കിയിട്ടുണ്ട്. മതസാമുദായിക ശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ഡലത്തില്‍ സോഷ്യല്‍ എഞ്ചിനീയറിങില്‍ വിജയം കാണാന്‍ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് പ്രത്യേക ചുമതലയുമുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോട്ടയം ഡിസിസി ഭാരവാഹികള്‍ക്ക് നേരത്തെ തന്നെ പഞ്ചായത്തുകളുടെ ചുമതലയുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലേക്ക് അത് വിപുലപ്പെടുത്തും.

Related News