മാത്യു കുഴല്‍നാടന്‍റെ കപ്പിത്താന്‍സ് ഡെയ്ല്‍; പാര്‍പ്പിട ആവശ്യത്തിന് നിര്‍മ്മിച്ച കെട്ടിടങ്ങളും റിസോര്‍ട്ടിന്‍റെ ഭാഗമാക്കി

  • 17/08/2023

ഇടുക്കി: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടില്‍ പാര്‍പ്പിട ആവശ്യത്തിന് നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ റിസോര്‍ട്ടിൻ്റെ ഭാഗമാക്കി. 2018 ലാണ് ഈ കെട്ടിടങ്ങള്‍ പണിതത്. ചിന്നക്കനാല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് ലൈസൻസ് പുതുക്കി നല്‍കുകയും ചെയ്തു. ചിന്നക്കനാലില്‍ കപ്പിത്താൻസ് ഡെയ്ല്‍ എന്ന പേരിലാണ് മാത്യു കുഴല്‍നാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേര്‍ന്ന് റിസോര്‍ട്ട് നടത്തുന്നത്. മൂന്ന് കെട്ടിടങ്ങളാണ് ഇവിടുള്ളത്.


4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോര്‍ട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങള്‍ പാര്‍പ്പിട ആവശ്യത്തിനും നിര്‍മ്മിച്ചതാണെന്നാണ് പഞ്ചായത്ത് രേഖകളിലുള്ളത്. രണ്ട് പേര്‍ക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എൻഒസി നല്‍കിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങള്‍ മാത്യു കുഴല്‍നാടൻ ഉള്‍പ്പെട്ട സംഘത്തിൻ്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധാര പ്രകാരം പതിനെട്ട് ലക്ഷത്തി എണ്‍പത്തി നാലായിരം രൂപക്കാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിന് മുൻപ് തൻ്റെ കൈവശം ഈ റിസോര്‍ട്ടുള്‍പ്പെടെയുള്ള ഭൂമിയുണ്ടായിരുന്നുവെന്ന് മാത്യു കുഴല്‍നാടൻ തന്നെ സമ്മതിച്ചിരുന്നു.

വീട് വയ്ക്കാൻ എൻഒസി വാങ്ങിയ കെട്ടിടം റിസോര്‍ട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവും മാത്യു കുഴല്‍നാടൻ നടത്തിയിട്ടുണ്ട്. 2014 നു ശേഷം ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ റവന്യൂ വകുപ്പിൻ്റെ എൻഒസി വാങ്ങിയ ശേഷമേ കെട്ടിടം നിര്‍മ്മിക്കാനാകൂ. പട്ടയത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോള്‍ എൻഒസി നല്‍കുന്നത്. പലരും വീട് വയ്ക്കുന്നതിനായി എൻഒസി വാങ്ങി കെട്ടിടം പണിത ശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുമുണ്ട്. പുതിയ വീട് പണിയുന്നതിന് എൻഒസി അനുവദിക്കണമെന്നവശ്യപ്പെട്ട് ഉടുമ്ബൻചോല തഹസില്‍ദാര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. അനുമതി നല്‍കാമെന്ന് കാണിച്ച്‌ തഹസില്‍ദാര്‍ റിപ്പോര്‍ട്ടും നല്‍കി.

Related News