വെടിയേറ്റത് അബദ്ധത്തില്‍ അല്ല; കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം; ഗൃഹനാഥന്റെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ്

  • 18/08/2023

നെടുങ്കണ്ടം : ഇടുക്കി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി തോമസിനെ പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച്‌ നിര്‍ണായക വിവരം ലഭിച്ചത്. 


മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്ബില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 
പിടിയിലായ സജിയാണ് വെടിവച്ചത്. പ്രതികളില്‍ ഒരാളായ ബിനുവിനെ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച്‌ എക്‌സൈസിന് വിവരം നല്‍കിയത് സണ്ണി തോമസ് ആണെന്ന് പ്രതികള്‍ കരുതി. 

ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ബിനുവിന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്തെ കുളം വറ്റിച്ച്‌ വെടിവെക്കാനായി ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ഏലത്തോട്ടത്തില്‍ വന്യമൃഗത്തെ കണ്ടപ്പോള്‍ വെടിവെച്ചതാണെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.

പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്ബോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്.നാടന്‍ തോക്ക് ഉപയോഗിച്ച്‌ വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

Related News