കെ ഫോണില്‍ ഖജനാവിന് നഷ്ടം 36 കോടിയിലേറെയെന്ന് സിഎജി, കണ്‍സോര്‍ഷ്യം കരാര്‍ നല്‍കിയത് വ്യവസ്ഥകള്‍ മറികടന്ന്

  • 18/08/2023

തിരുവനന്തപുരം : കെ- ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജി പരാമര്‍ശം. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകള്‍ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി സിഎജി സര്‍ക്കാരിനോട് വിശദീകരണം തേടി. കെഎസ്‌ഇബി ഫിനാൻസ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറില്‍ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നല്‍കാൻ കെഎസ്‌ഐടിഎല്‍ തയ്യാറായത്. 


സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോണ്‍ പദ്ധതി നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നല്‍കിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലുമാണ് സിഎജി സര്‍ക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്.

2013 ലെ സ്റ്റോര്‍ പര്‍ചേസ് മാനുവല്‍ അനുസരിച്ച്‌ മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രല്‍ വിജിലൻസ് കമ്മീഷന്റെയും വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച്‌ പറയുന്നില്ല. 10 ശതമാനം തുക അഡ്വാൻസ് നല്‍കണമെന്ന് കെഎസ്‌ഐടിഎലിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ്.

Related News