താനൂര്‍ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും വിജ്ഞാപനം ഇറങ്ങിയില്ല; സി.ബി.ഐ അന്വേഷണം വൈകുന്നു

  • 18/08/2023

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. ഓഫിസില്‍ വിജ്ഞാപനം എത്തിയാല്‍ മാത്രമേ സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കുകയുള്ളൂ. കസ്റ്റഡിക്കൊലയില്‍ കുറ്റാരോപിതരായ ഡാൻസാഫ് സംഘം ഒളിവില്‍ പോയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.


താമിര്‍ ജിഫ്രിയെ അതിക്രൂരമായി മര്‍ദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുവരെയും ഇക്കാര്യത്തില്‍ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല.

ഡാൻസാഫ് സംഘം ഒളിവില്‍ പോയതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്. താമിറിനെ ആക്രമിച്ച പൊലീസുകാരുടെ മെഴിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. താമിര്‍ കസ്റ്റഡിക്കൊലയില്‍ നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ എൻ. ഷംസുദ്ദീൻ എം.എല്‍.എ 'മീഡിയവണി'നോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം ഇറക്കണം.


Related News