കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസില്‍ കന്നിയാത്ര

  • 19/08/2023

കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്‌സ്പ്രസില്‍ കന്നിയാത്ര. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി.


തിരിച്ചുളള യാത്ര ട്രെയിനില്‍ തീരുമാനിച്ചതോടെ നഗരത്തില്‍ രാവിലെ മുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചയോടെ റയില്‍വെ സ്റ്റേഷനും, പരിസരവും പോലീസ് വലയത്തിലായി. മൂന്നേ കാലോടെ കടന്നപ്പള്ളി രാമചന്ദ്രനൊപ്പം മുഖ്യമന്ത്രി സ്റ്റേഷനിലെത്തി. വിശ്രമമുറിയില്‍ തങ്ങിയ മുഖ്യമന്ത്രി 3.30 ഓടെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസില്‍ കയറി.

പോലീസ് പടയുടെ സുരക്ഷാ വലയത്തില്‍ ഇ വണ്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയ മുഖ്യമന്ത്രി വലതു വശത്തെ സൈഡ് സീറ്റില്‍ ആണ് ഇരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ട്രെയിനില്‍ ഉണ്ടായിരുന്നു. നേരത്തെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വച്ച്‌ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ വലിയ മുൻകരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ് കണ്ണൂരില്‍ നിന്നും ട്രെയിൻ യാത്ര നടത്തുന്നത്.

Related News