പുതുപ്പള്ളിയോര്‍ത്ത് മിണ്ടുന്നില്ല, അയയാതെ ചെന്നിത്തല; ഇടപെട്ട് ദേശീയ നേതാക്കള്‍

  • 21/08/2023

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ വിവാദം പുകയുന്നു. അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വര്‍ഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. 


പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. ഉപ തെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂര്‍വം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്. എഐസിസി പുതിയ ചുമതലകള്‍ നല്‍കിയാല്‍ തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നിലവില്‍ ചെന്നിത്തലയുള്ളത്.

രണ്ട് വര്‍ഷമായി പദവികളില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാര്‍ട്ടിയെ അറിയിക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പരസ്യ വിവാദം ഒഴിവാക്കണമെന്നാണ് നേതാക്കളോട് എഐസിസി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതൃപ്തിയുളള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന ശുപാര്‍ശ ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്ബ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തില്‍ മാറ്റം വേണോ എന്നും ചര്‍ച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. 

Related News