താനൂര്‍ കസ്റ്റഡിമരണം: 'ഇരുപതോളം പൊലീസുകാര്‍ മര്‍ദിച്ചു'; ആരോപണവുമായി താമിറിനൊപ്പം കസ്റ്റഡിയിലായ യുവാവിന്റെ പിതാവ്

  • 22/08/2023

മലപ്പുറം: താനൂര്‍ കസ്റ്റ‍ഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കര്‍. മൻസൂറിന്റെ പോക്കറ്റില്‍ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലില്‍ മൻസൂറിനെ ഇരുപതോളം പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു. മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മര്‍ദിക്കുന്നത് കണ്ടതായി മൻസൂര്‍ മൊഴി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം പറഞ്ഞതിന്റെ പേരിലാണ് മര്‍ദിച്ചതെന്ന് കരുതുന്നു. മൻസൂറിന്റെ മൊഴിമാറ്റാൻ പോലീസ് സമ്മര്‍ദമുണ്ടായെന്നും പിതാവ് അബൂബക്കര്‍ ആരോപിക്കുന്നു. 


അതേ സമയം, താനൂരിലെ കസ്റ്റഡി മരണത്തില്‍ താൻ തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണബോധ്യമുണ്ടെന്ന് ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസ് അനുവദിക്കില്ലെന്നാണോയെന്നും അതോ തന്റെ വായടപ്പിക്കാനാണോ ആരോപണമെന്നും അദ്ദേഹം ചോദിച്ചു. താനൂരിലെ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പൊലീസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞിരുന്നു.

സയന്റിഫിക്ക് റിപ്പോര്‍ട്ട് വന്നാലേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാവൂ എന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടം പരിശോധന ശാസ്ത്രീയമാണെന്നും ഡോക്ടര്‍ക്ക് തോന്നുന്നത് എഴുതിച്ചേര്‍ക്കാൻ കഴിയില്ലെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു. താൻ മാത്രമല്ല മറ്റ് 3 ഡോക്ടര്‍മാരും കൂടെ ചേര്‍ന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയതെന്നും ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു.

മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എല്ലാം വീഡിയോയില്‍ പകര്‍ത്തിയതാണ്. റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ നേരിട്ട് ചോദിക്കണമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ ആരോപണമുന്നയിക്കുകയല്ല വേണ്ടതെന്നും ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു. എന്റെ ഈ റിപ്പോര്‍ട്ട് അവിശ്വസിക്കുമ്ബോള്‍ ഞാൻ ചെയ്ത 5000 ലധികം പോസ്റ്റ്മോര്‍ട്ടം എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിക്കനുസരിച്ച്‌ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതി എനിക്കില്ലെന്നും വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തി ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ എങ്ങനെ നീതി നടപ്പാക്കുമെന്നും വിവാദം അനാവശ്യമാണെന്നും ഡോ ഹിതേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

Related News