ട്രാന്‍സ്ജെന്‍റര്‍ വ്യക്തികളുടെ ലിംഗ മാറ്റ ശസ്ത്രക്രിയ; തുടര്‍ ചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി

  • 22/08/2023

ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്ബത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റര്‍ വ്യക്തികളുടെ തുടര്‍ ചികിത്സാ ധനസഹായത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുൻ നിബന്ധന ഒഴിവാക്കി പകരം 18 വയസ്സ് പൂര്‍ത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്കും എന്ന് ദേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.


ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്ക് ശസ്ത്രക്രിയ തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേയ്ക്ക് പ്രതിമാസം 3000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് ട്രാൻസ്ജെൻഡര്‍ ഐഡി കാര്‍ഡ്, മേല്‍വിലാസം തെളിയിക്കു ന്നതിനുള്ള രേഖ (Adhaar, Voters ID) ഉണ്ടായിരിക്കണം. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റിപ്പോര്‍ട്ടും, ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യ പത്രവും വേണം.

ട്രാൻസ്ജെൻ‍ഡറുകള്‍ക്കുള്ള ലിംഗമാറ്റ (സെക്‌സ്‌ റീ അസൈൻമെന്റ്‌ സര്‍ജറി) ശസ്ത്രക്രിയക്ക്‌ മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്‌ധരുടെ നേതൃത്വത്തില്‍ ഇതിന്‌ മാനദണ്ഡം തയ്യാറാക്കി. സംസ്ഥാനത്ത് എസ്‌ആര്‍എസ് ശസ്ത്രക്രിയ പിഴവില്ലാതെ നടത്തുകയാണ് ലക്ഷ്യമെന്നും. ശസ്ത്രക്രിയയില്‍ മുൻപരിചയം ഇല്ലാത്ത ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Related News