വീണയുടെ അക്കൗണ്ടില്‍ വന്നത് 1.72 കോടി രൂപയല്ല, അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വന്നാല്‍ കേരളം ഞെട്ടും: മാത്യു കുഴല്‍നാടന്‍

  • 22/08/2023

തൊടുപുഴ: മാസപ്പടി വിവാദത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച്‌ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ. വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ എന്നും പുറത്തു വന്നതിലും എത്രയോ വലിയ തുകയാണ് വീണ കൈപ്പറ്റിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കുഴല്‍നാടൻ ആരോപിച്ചു. "കേരളത്തില്‍ ഇന്ന് നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ്. വീണാ വിജയന്റെ വ്യക്തിപരമായ അക്കൗണ്ട് കാര്യങ്ങളിലേക്ക് കടക്കുന്നില്ല.


എക്‌സാ ലോജിക്ക് കമ്ബനി കൂടുതല്‍ തുക കൈപ്പറ്റി. വീണാ വിജയന് 1 കോടി 72 ലക്ഷം രൂപ മാത്രമേ ലഭിച്ചൂ എന്ന് സിപിഎമ്മിന് പറയാനാകുമോ? കമ്ബനിയുടെയും വീണാ വിജയന്റെയും അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാൻ സിപിഎം തയ്യാറാകണം. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ സിപിഎം പുറത്തു വിടാത്തത്? കടലാസ് കമ്ബനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്ന നടപടിയാണ് സംസ്ഥാനം നടത്തുന്നത്.

എക്‌സാലോജിക്ക് കമ്ബനിയും വീണയും എന്തുകൊണ്ടാണ് ജിഎസ്ടി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തത്. സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ലാതെ മറ്റ് കമ്ബനികളില്‍ നിന്നും എക്‌സാലോജിക് പണം കൈപ്പറ്റിയിട്ടുണ്ട്. എക്‌സാലോജിക്കോ വീണാ വിജയനോ സിഎംആര്‍എല്ലിന് ഒരു സര്‍വീസും നല്‍കിയിട്ടില്ല". കുഴല്‍നാടൻ പറഞ്ഞു.

Related News