പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്‌കിനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങുന്നു

  • 23/08/2023

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയര്‍ക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.


പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വാഹന പര്യടനം തുടരും. അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കേരളം കടത്തിലെന്ന യുഡിഎഫ് പ്രചരണം ജനം വിശ്വസിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ വ്യക്തമാക്കി.

ജനങ്ങള്‍ സന്തോഷത്തിലെന്ന് മനസിലാക്കിയതു കൊണ്ടാണ് യുഡിഎഫ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തിന് തരാനുള്ളത് തരണമെന്ന് പറയുന്നത് എങ്ങനെ വിഘടന വാദ പ്രവര്‍ത്തനമാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനുള്ള മറുപടിയായി ബാലഗോപാല്‍ ചോദിച്ചു.

Related News