'ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് കാരണം കുടുംബവും കോണ്‍ഗ്രസും'; എം.എം മണി

  • 24/08/2023

ഉമ്മൻചാണ്ടിയുടെ മരണത്തിന് കാരണം കുടുംബവും കോണ്‍ഗ്രസുമാണെന്ന് എം.എം. മണി. കോണ്‍ഗ്രസും കുടുംബവും വേണ്ട നിലയില്‍ ചികിത്സിച്ചിരുന്നെങ്കില്‍ ഉമ്മൻചാണ്ടി വിട്ടു പിരികയില്ലായിരുന്നു. രോഗം വന്നാല്‍ പ്രാര്‍ത്ഥിച്ചാല്‍ പോകില്ല. സഹതാപ തരംഗം ഉണ്ടാകേണ്ടത് ഉമ്മൻചാണ്ടിയുടെ വീട്ടിലാണെന്നും പുതുപ്പള്ളിയില്‍ വികസന പ്രവര്‍ത്തനം ഒന്നും കാര്യമായി ഇല്ലെന്നും എം .എം മണി മീഡിയവണിനോട് പറഞ്ഞു.


'ഉമ്മൻചാണ്ടിയുടെ വിയോഗത്തില്‍ വീട്ടുകാര്‍ക്ക് വിഷമം ഉണ്ടാകും.അല്ലാതെ നാട്ടുകാര്‍ക്ക് എന്ത് വിഷമമാണ് ഉണ്ടാകേണ്ടത്. കുടുംബവും കോണ്‍ഗ്രസ് നേതാക്കളും വേണ്ട രീതിയില്‍ ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കിയില്ല. ചികിത്സിച്ചിരുന്നെങ്കില്‍ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ലായിരുന്നു.'എം .എം മണി പറഞ്ഞു.

'പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് ജയിക്കും.അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഉമ്മൻചാണ്ടി ദീര്‍ഘകാലം എം.എല്‍.എയും മുഖ്യമന്ത്രിയുമായിരുന്നെങ്കിലും അതിനനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ നടന്നിട്ടില്ല. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉപാധിയാണ്. പുതുപ്പള്ളിയേക്കാള്‍ എത്രയോ മെച്ചമാണ് ഞങ്ങളുടെയൊക്കെ മണ്ഡലം'.. അദ്ദേഹം പറഞ്ഞു.

Related News