വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചു, സുജിതയെ ജീവനോടെ കെട്ടിത്തൂക്കി; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; വിഷ്ണു നിരവധി സ്ത്രീകളുടെ പണവും സ്വര്‍ണവും തട്ടി

  • 24/08/2023

മലപ്പുറം: തുവ്വൂരില്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സുജിതയുടെ കഴുത്തില്‍ ആദ്യം കയര്‍കുരുക്കി ശ്വാസംമുട്ടിച്ചു. ശബ്ദം പുറത്തു വരാതിരിക്കാന്‍ സുജിതയുടെ വായ സെല്ലോടേപ്പ് ഉപയോഗിച്ച്‌ മൂടി. പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കുതറി മാറാതിരിക്കാൻ കൈകാലുകള്‍ കൂട്ടിക്കെട്ടിയതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. സുജിതയുടെ മരണത്തില്‍ ലാബ് പരിശോധനാ ഫലം കൂടി കാത്തിരിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

വിഷ്ണു നിരവധി സ്ത്രീകളുടെ പണവും സ്വര്‍ണവും തിരിമറി നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പണം കടം വാങ്ങിയും പണയപ്പെടുത്താന്‍ എന്നു പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയും പറ്റിച്ചുവെന്നാണ് വിവരം. കുടുംബശ്രീ, തൊഴിലുറപ്പ് രംഗത്തുള്ള സ്‌ത്രീകളില്‍നിന്ന്‌ കടംവാങ്ങിയ സ്വര്‍ണം പലതും വില്‍ക്കുകയും ചെയ്‌തു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. 

കടംവാങ്ങിയ രണ്ടുപേര്‍ക്ക്‌ ഓഗസ്റ്റ് ഒമ്ബതിന്‌ വിഷ്‌ണു 50,000 രൂപ, 40,500 രൂപ എന്നിങ്ങനെ തിരിച്ചുനല്‍കിയിരുന്നു. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കാന്‍ സുജിതയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്ബത്തിക ഇടപാടിനപ്പുറം മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു. 

Related News