പവര്‍കട്ട് വേണമോ വേണ്ടയോ എന്ന് ഇന്നറിയാം; വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

  • 24/08/2023

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലെ അനിശ്ചിതത്വവും ചര്‍ച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേരും. കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ പവര്‍കട്ട് വേണോ വേണ്ടയോ എന്നതാണ് പ്രധാന വിഷയം. ഓണവും പുതുപള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഉടൻ വൈദ്യുതി നിയന്ത്രണം വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ കെ.എസ്.ഇ.ബിയെ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കെഎസ്‌ഇബി വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്.

സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗ്രാൻഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ എന്തെങ്കിലും ബദല്‍ മാര്‍ഗം സ്വീകരിക്കാൻ കഴിയുമോ എന്നതാണ് ഇന്നത്തെ യോഗം പരിഗണിക്കുന്നത്. വൈകുന്നേരം മൂന്നരക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിലാണ് ചര്‍ച്ച.


Related News