വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്ബത് പേര്‍, പോസ്റ്റുമോര്‍ട്ടം ഇന്ന്, 12 മണിക്ക് പൊതുദര്‍ശനം

  • 25/08/2023

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികള്‍ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സര്‍ക്കാര്‍ എല്‍പി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ജില്ലയില്‍ ക്യാമ്ബ് ചെയ്താണ് തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. 


ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തലപ്പുഴയില്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിടും. മാനന്തവാടി താലൂക്കില്‍ ഇന്ന് നിച്ഛയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.

ഒരു നാടിനെയാകെ വേദനയിലാക്കി, ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ 9 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. അപകടത്തില്‍ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ ഡ്രൈവര്‍ മണികണ്ഠനുള്‍പ്പെടെ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്.

ഇതാണ് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചത്. ജീപ്പില്‍ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പലര്‍ക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാറയും വെള്ളവുമുള്ളിടത്തെ അപകടം രക്ഷപ്രവര്‍ത്തനത്തെയും ബാധിച്ചു.

Related News