വോട്ടെടുപ്പിന് നാളുകള്‍ മാത്രം ബാക്കി; പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

  • 25/08/2023

പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. വോട്ടെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ മുൻനിര നേതാക്കളെ എത്തിച്ച്‌ പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിനു വോട്ടുതേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. പുതിയ രാഷ്ട്രീയ വിവാദങ്ങളോടും പ്രതികരിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. വികസനത്തില്‍ ഊന്നിക്കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹം വോട്ട് ചോദിച്ചത്.


അതേസമയം, മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞു പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. വികസനവും വര്‍ഗീയതയും അടക്കം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞാണ് പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം. സംസ്ഥാന നേതാക്കളുടെ നീണ്ട നിരയാണ് ഓരോ യോഗങ്ങളിലും എത്തുന്നത്.

പ്രചാരണത്തില്‍ മുന്നേറിനീങ്ങിയ യു.ഡി.എഫ് ക്യാംപ് വിശദീകരണ യോഗങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കുന്നുണ്ട്. കൂടുതല്‍ നേതാക്കളെ യോഗങ്ങളിലെത്തിച്ചാണ് മറുപടി പറയുന്നത്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെത്തിയ കെ.സി വേണുഗോപാല്‍ പ്രസംഗം മുഴുവൻ മുഖ്യമന്ത്രിയുടെ പുതുപ്പള്ളി പ്രസംഗത്തിനുള്ള മറുപടിയായിരുന്നു.

കോട്ടയംകാരനായ കര്‍ണാടക ഊര്‍ജമന്ത്രി എ.വി ജോര്‍ജ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാൻ പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ, മാണി സി. കാപ്പൻ അടക്കം നിരവധി നേതാക്കളാണ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്. തുടര്‍ദിവസങ്ങളിലും ഇടതുമുന്നണിക്ക് മറുപടി പറഞ്ഞും ഉമ്മൻ ചാണ്ടി വികാരമുയര്‍ത്തിയുമാകും യു.ഡി.എഫ് പ്രചാരണം.

Related News