സതിയമ്മക്കെതിരെ കേസ്; വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി, നടപടി ലിജിമോളുടെ പരാതിയില്‍

  • 26/08/2023

കോട്ടയം:  ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ്. വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളിയില്‍ മൃഗസംരക്ഷണ വകുപ്പ് സെൻ്ററില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.


ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോള്‍, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന ലിജിമോള്‍ നല്‍കിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാല്‍ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലില്‍ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.

Related News