സംശയം, കൊലപാതകം; നവവധു ഉള്‍പ്പെടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് അസ്വാഭാവിക മരണം

  • 27/08/2023

തിരുവനന്തപുരം അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മയാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 12നാണ് മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജുമായി രേഷ്മയുടെ വിവാഹം കഴിഞ്ഞത്. മണിക്കൂറുകള്‍ക്കകം ആര്യനാട് സ്വദേശിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നു. വിതുര മരുതാമല സ്വദേശി ബെൻസി ഷാജിയാണ് മരിച്ചത്.

ബംഗളൂരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെ കൊലപാതക വാര്‍ത്തയാണ് അടുത്തത്. ഒപ്പം താമസിച്ചിരുന്നയാള്‍ ആറ്റിങ്ങല്‍ സ്വദേശിനിയെ കുക്കറുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ മൂന്ന് യുവതികള്‍, മൂവരും തിരുവനന്തപുരം സ്വദേശികള്‍, മൂന്ന് യുവതികള്‍, മൂവരും തിരുവനന്തപുരം സ്വദേശികള്‍, മൂന്ന് പേരുടെയും മരണം അസ്വാഭാവികം, രണ്ടു പേര്‍ സ്വയം ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. മറ്റൊരാള്‍ ദാരുണമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം. 

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശി രേഷ്മയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു രേഷ്മയുടെ മരണം. ഭര്‍ത്താവ് അക്ഷയ് രാജ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദുരൂഹത ആരോപിച്ച്‌ രേഷ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ജീവനൊടുക്കിയത് ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ്. പകല്‍ 11 മണിയോടെ ബെൻസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലുമാസമായി ഭര്‍ത്താവ് ജോബിനൊപ്പം വാടകവീട്ടിലായിരുന്നു ബെൻസിയുടെ താമസം. ഇന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ബെൻസി ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് കൂട്ടാക്കിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബെൻസി വീടിനുള്ളില്‍ കയറി വാതിലടച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ സ്വദേശി പത്മദേവിയാണ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവ് പത്മദേവി കുക്കറുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവര്‍ഷത്തോളമായി ഇരുവരും ഇലക്‌ട്രോണിക് സിറ്റിക്കു സമീപമുള്ള ബെക്കൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ മൈക്കോ ലേയൗട്ടിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.


Related News