ഭൂരിപക്ഷം പേര്‍ക്കും കിറ്റ് നിഷേധിച്ചു, പിണറായി സര്‍ക്കാര്‍ ഓണവും അവതാളത്തിലാക്കി: സുരേന്ദ്രന്‍

  • 28/08/2023

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒടുവില്‍ ഓണത്തെയും ശരിയാക്കി. ആറു ലക്ഷം പേര്‍ക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച്‌ ഭൂരിപക്ഷം പേര്‍ക്കും നിഷേധിച്ചത് സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്നു കാണിക്കുന്നതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 


വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ മാറിനിന്നതോടെ അവശ്യസാധനങ്ങള്‍ വാങ്ങാൻ സാധിക്കാതെ ജനങ്ങള്‍ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂര്‍ണമായും തകര്‍ന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വര്‍ണത്തേക്കാള്‍ വിലയായി. വമ്ബിച്ച വിലക്കയറ്റം മാര്‍ക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. കച്ചവടക്കാരെയും കര്‍ഷകരെയും സര്‍ക്കാര്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. 

മാസാവസാനം ഓണം വരുകയാണെങ്കില്‍ ശമ്ബളവും പെൻഷനും നല്‍കി പോരുന്ന പതിവും ഇത്തവണ സര്‍ക്കാര്‍ തെറ്റിച്ചു. സര്‍ക്കാര്‍ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതില്‍ നിന്നും തടയാൻ സര്‍ക്കാരിന് സാധിച്ചു. മലയാളികള്‍ ഓണം ആഘോഷിക്കേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. നാടിന്റെ സാംസ്കാരിക പൈതൃകങ്ങളോട് ഈ സര്‍ക്കാരിനുള്ള വിരോധം ഓണത്തോടും അവര്‍ പ്രകടിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Related News