വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ തുടരും

  • 01/09/2023

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. അതേസമയം, സെപ്റ്റംബര്‍ ഒന്ന് മുതല്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു ഇത്. ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

Related News