രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതില്ല: ശശി തരൂര്‍

  • 01/09/2023

തിരുവനന്തപുരം : ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കേണ്ടതില്ല. രണ്ട് മുഖങ്ങള്‍ തമ്മിലല്ല മത്സരം നടത്തേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തുടര്‍ന്നാണ് കെപിസിസി ഓഫീസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് സമാന മനസ്‌കരുടെ അഭിപ്രായം മാനിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ക്ക് കൂടിയുള്ള സന്ദേശമാണ് തന്റെ പ്രവര്‍ത്തക സമിതി അംഗത്വം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ പറയും. രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പിണക്കമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News