വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകൻ ഒന്നാം പ്രതിക്ക് നോട്ടീസ്

  • 02/09/2023

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കേസിലെ ഒന്നാം പ്രതിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഒന്നാം പ്രതി സി കെ രമേശന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മെഡിക്കൽ കോളേജ് എസിപിക്ക് മുൻപിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് ഒന്നാം പ്രതി സികെ രമേശൻ. ഇന്നലെയാണ് സികെ രമേശന് നോട്ടീസ് നൽകിയത്. കേസിലെ രണ്ടാം പ്രതിക്ക് ഇന്ന് ഹജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹാനായണ് രണ്ടാം പ്രതി. മറ്റു പ്രതികളായ നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവർക്കും നോട്ടീസ് നൽകും.

സിആർപിസി 41 എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. നേരത്തെ എഫ്ഐആറിൽ പ്രതികൾ ആയിരുന്ന മൂന്ന് ഡോക്ടർമാർ കുറ്റക്കാരല്ല എന്നു കണ്ടെത്തി പൊലീസ് ഒഴിവാക്കിയിരുന്നു. കേസിൽ 76 സാക്ഷി മൊഴി രേഖപ്പെടുത്തി എന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിലുണ്ട്.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Related News