സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചംഗ സംഘം, ചോദ്യം ചെയ്ത എസ് ഐയെ മര്‍ദ്ദിച്ചു; പ്രതികളെ തേടി പൊലീസ്

  • 03/09/2023

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പള ഹിദായത്ത് നഗറില്‍ വച്ച്‌ എസ്‌ഐക്ക് മര്‍ദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്തപ്പോളാണ് ആക്രമണം ഉണ്ടായത്. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാക്കിയ ഇവര്‍ എസ്‌ഐ യെ അക്രമിക്കുകയായിരുന്നു.


മര്‍ദ്ദനത്തില്‍ എസ് ഐയുടെ വലത് കൈക്ക് പരിക്കേറ്റു. അഞ്ചംഗ സംഘം സഞ്ചരിച്ച കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന അഫ്സല്‍, റഷീദ്, സത്താര്‍ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

കഴിഞ്ഞാഴ്ച ഇടുക്കി ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെയും അക്രമണം ഉണ്ടായി. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനായിരുന്നു അന്ന് കുത്തേറ്റത്. അഗസ്റ്റ് 28-ന് പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.

ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു കായംകുളം പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ അക്രമികള്‍ രക്ഷപ്പെടുത്തുകയും ചെയ്തു. 

Related News