സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മലയോര മേഖലയില്‍ ജാഗ്രത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 03/09/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ - മധ്യ ജില്ലകളിലാണ് ഇന്നും കൂടുതല്‍ മഴ ലഭിക്കുക. മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.


അതിനിടെ പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. ജില്ലയുടെ കിഴക്കൻ വന മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയര്‍ ,മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നും വിവരമുണ്ട്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related News