സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കാണാതായ ആളുടേതെന്ന് സംശയം; ദുരൂഹതയേറെയെന്ന് പൊലീസ്

  • 04/09/2023

തൃശൂര്‍: തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. അഞ്ഞൂര്‍ സ്വദേശി ശിവരാമന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമൻ കഴി‍ഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. 


രണ്ട് മാസം മുമ്ബാണ് പ്രതീഷ് എന്നയാളെ കാണാതാകുന്നത്. ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നും ആയിരുന്നു ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസില്‍ പരാതി നല്‍കി. അതേ സമയം, കഴിഞ്ഞമാസം 25ാം തീയതിയാണ് ശിവരാമൻ എന്നയാള്‍ തൂങ്ങിമരിക്കുന്നത്.

പ്രതീഷിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിനിടൊണ് പൊലീസിനെ ചില സൂചനകള്‍ ലഭിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതകകേസുകളിലെ പ്രതിയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. 

മാത്രമല്ല പ്രതീഷിന്റെ പേരില്‍ ആറിലധികം ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷിന്‍റെ ഒരു ചെവി ആക്രമണത്തില്‍ അറ്റുപോയ നിലയിലാണുള്ളത്. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെയാണ് പ്രതീഷിന്റെ സുഹൃത്തായ, സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളില്‍ നിന്ന് ചില വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്ന. ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്നായിരുന്നു വിവരം. 

തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് ഇളക്കി പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു ചെവി മൃതദേഹത്തിന് ഇല്ല എന്ന് കണ്ടെത്തിയത് സുഹൃത്താണ്. അതുകൊണ്ട് തന്നെ ഈ മൃതദേഹം പ്രതീഷിന്റേതാണ് എന്ന പ്രാഥമിക സംശയത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Related News