'പുതുപ്പള്ളിയിൽ സർക്കാരിനെതിരായ വികാരം പ്രതിഫലിക്കും'; യുഡിഎഫിനുള്ളത് സ്വപ്നതുല്യ വിജയലക്ഷ്യമെന്ന് സതീശൻ

  • 04/09/2023

തിരുവനന്തപുരം: പുതുപ്പള്ളി വിധിയെഴുത്ത് സർക്കാരിൻറെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  സ്വപ്നതുല്യ വിജയലക്ഷ്യമാണ് യുഡിഎഫിനുള്ളതെന്നും ഉമ്മൻചാണ്ടുയോടുള്ള ജനങ്ങളുടെ സ്‌നേഹം വിധിയെഴുത്തിൽ പ്രതിഫലിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സർക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉൾക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകൾക്കും ജാതി മത ചിന്തകൾക്കും അതീതമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂർണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വൻപിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങൾക്കുണ്ട്.

ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാൻ സി.പി.എം തയാറുണ്ടോ? വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞവർ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു.ഡി.എഫ് പുതുപ്പള്ളിയിൽ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തിൽ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. 

53 വർഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസിൽ അദ്ദേഹം ഒരു വിങ്ങലായി നിൽക്കുന്നു. എതിരാളികൾ വിചാരിച്ചാൽ അത് മായ്ച്ച് കളയാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയോട് ജനങ്ങൾക്കുള്ള സ്‌നേഹവും അടുപ്പവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതോടൊപ്പം സർക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത്.

Related News